ജാരൻ (സചിദാനന്ദന്‍ പുഴങ്കര )




ഒരുനാൾ
കുഞ്ഞിരാമൻ നായർ
ഞങ്ങളുടെ വാടകവീട്ടിൽ വന്നു....
ഏറ്റവും നീളം കുറഞ്ഞ
പകലായിരുന്നു അത്.

കൊടിത്തൂവ പോലെ
പരസ്പരം തിണർപ്പിക്കുകയായിരുന്നു ഞങ്ങൾ,
ദൈവമേ!
നോക്കി നോക്കിയിരിക്കെ
കുത്തഴിഞ്ഞ ആ കയ്യെഴുത്തുപ്രതി
എത്സിയെ ചുംബിച്ച്
നിലാവാക്കിക്കളഞ്ഞു,
ഇളയെ കണ്ണിമയാൽ കുരുക്കിട്ടുപിടിച്ച്
നക്ഷത്രമാക്കിക്കളഞ്ഞു,
ഇളയവൾ പൂച്ചക്കുറിഞ്ഞി
പിന്നെയെങ്ങനെ രക്ഷപ്പെടാൻ...!

അയാൾ തൊട്ടതെല്ലാം
പൊന്നായി മാറണേയെന്ന്
ഋണബദ്ധമായ എന്റെ ഹൃദയം
മിടിച്ചുകൊണ്ടേയിരുന്നു,
എങ്ങനെയൊക്കെയോ രാത്രി തീർന്നു.

മരിക്കുമ്പോൾ അരയന്നം
പാട്ടുപാടില്ലെന്ന്
കുഞ്ഞിരാമനറിയാമായിരുന്നു...
പാട്ടുപാടുന്ന അരയന്നം മരിക്കില്ലെന്നെനിക്കും.

പിന്നീടെപ്പോഴോ 
അറിഞ്ഞു..
അയ്യേ!
അത് കവിയായിരുന്നില്ല,
ജുബ്ബയിട്ടു വന്ന താറാവായിരുന്നു...
മുഴുതിങ്കൾ പോലൊരു ചേങ്കിലം...
കവിതകൊണ്ടു പൊതിഞ്ഞ 
കപ്പലണ്ടി..

ഇപ്പോൾ വീട്ടിൽ മനുഷ്യരില്ല...
ഇത്തിരി നിലാവ്,
നക്ഷത്രം,
പൂത്താങ്കീരി,
പിന്നെ ഒരു വിത്തുകാള....

1 comment:

Geethakumari said...

ഒരു തുടക്കക്കാരിയാണ്‌.. .. അങ്ങേപോലുള്ള കവികളുടെ കവിതകള്‍ ആണ് എന്നെപോലെയുള്ളൂവരുടെ പ്രചോദനം . നല്ല കവിതയും ബിംബങ്ങളും