കണിമോള്‍ |
കുരുത്തം കെട്ട പൂച്ച
കണ്ണെടുത്താല്‍ കട്ടുതിന്നിടും
അരിത്തിച്ചൂട് തട്ടിയാല്‍
ഉറക്കം തൂങ്ങി വീണിടും
കടുപ്പിച്ചൊന്നു നോക്കിയാല്‍
നിശബ്ദം; എന്ത് തൊന്തരം
മടുത്തു, വേണ്ട ജന്തുവിന്
മൃദുത്വം,സൗമ്യഭാഷണം.
ചതിക്കും മുന്‍പ് ചെല്ലമേ
വിളിച്ചൂ, ചാരെ വന്നവള്‍
അടുക്കെച്ചേര്ത്തിരുത്തി മെ-
യ്യുഴിഞ്ഞു, കാത്തിരുന്ന പോല്‍
കുറുക്കം മൂളി-കൊല്ലുവാ-
നുറച്ചിട്ടാണു ലാളനം..!
കളഞ്ഞു രായ്ക്കു രാമാനം
(സീതയെക്കാട്ടിലെന്ന പോല്‍ !)
വഴിക്കണ്ണെത്തി വന്നിടാ-
തിരിക്കാന്‍ ദൂരെദൂരെയായ്
കളഞ്ഞൂ, പൂച്ചയെ, സാക്ഷാല്‍
പേര് ദോഷത്തെയങ്ങനെ
കഴിഞ്ഞീ,ലേതു വെയ്ലത്തും
മുളയ്ക്കും കാരമുള്ളിനെ.
കഴിഞ്ഞൂ മൂന്നു നാള്
പൂച്ചയ്ക്കുറക്കം ചത്തൊഴിഞ്ഞിട്ടും
ജ്വലിച്ചൂ രണ്ടു തീവൃത്തം
ഇരുട്ടില്‍ കണ്ണടയ്ക്കുകില്‍ .
പുലര്ച്ചയ്ക്കിന്നു വാതിലില്‍
തുറക്കാന്‍ കാത്തിരുന്നു നീ
തിളക്കം മങ്ങി മേലാകെ
ചളുങ്ങി, ചോറ് പറ്റിയും.
വിളിക്കാന്‍ നാവുയര്‍ന്നില്ല
നടുക്കം,കയ്യുണര്ന്നില്ല.
പതുക്കെ വന്നു നീയെന്നെ
തൊട്ടു നിന്ന് വിളിക്കുമ്പോള്‍
കുറിഞ്ഞീ, കൊഞ്ചലെങ്ങുപോയ്,
മറന്നോ മരണം തിന്നോ..?
പാല് പകര്‍ന്നു തരുന്നേരം
കാഞ്ഞ കണ്ണ് തുറിച്ചെന്നെ
തീ കൊളുത്തിയെറിഞ്ഞൂ നീ;
ഭീരു വിക്കിച്ചിരിപ്പൂ ഞാന്‍
5 comments:
good one.......
cngrds
nalla kavitha...sarikkum manasil ninnoornnu veenathu...!!!
ഹായ്. ശരിക്കും കവിത.
സന്തോഷത്തിന്റെ വെളിച്ചം. മനസിൽ.
ഭീരുത്വം. ആ ഒറ്റ വാകിലാണ് ഇഷ്ടമത്രയും നൽകിയ കവിത ഉള്ളത്.
കൊള്ളാം
മനസ്സൊരു പ്രജണ്ഡ വിപിനം.ചിന്തകൾ മദാരങ്ങൾ ( മദിച്ച ആനകൾ )മായാ മഹിഷികൾ.കാമ,ക്രോധ,മോഹ,ലോഭങ്ങൾ തൻ മത്തവിലാസ രംഗം....മനസ്സ് അതിനുള്ളിൽ മറഞ്ഞിരിക്കുന്ന പൂച്ചയേയാണോ ദൂരെ കൊണ്ടു വിട്ടത്....( എന്നു വ്യംഗ്യം ) നല്ല കവിത..ചന്തുനായർ ( ആരഭി ബ്ലൊഗ് നോക്കുക)
Post a Comment