എസ്.കലേഷ് |
നാളുകളായി കരിയിലകള്‍ കത്തിച്ചെടുത്ത് ശേഖരിച്ച ഒരു കുട്ട ചാരം.
രാത്രിമുഴുക്കെ നാടന്പട്ടിയുടെ ജാഗ്രതയോടെ ഉറങ്ങാതെ കിടന്നിട്ട് പുലര്‍ച്ചയ്ക്കെപ്പോഴോ
അറിയാതെ ഉറങ്ങി, രാവിലെ എന്തോ ഓര്‍ത്തപോലെ പെട്ടെന്നുണര്ന്ന് കിടപ്പുമുറിയില്‍ നിന്ന്
മുറ്റത്തേക്കോടാനുള്ള സന്നദ്ധത.
ഇവ രണ്ടുമുണ്ടെങ്കില്‍
ചെറുപ്പത്തില്‍
കുന്നന്താനത്തെ
എനിക്കറിയുന്ന ഒരാളെപ്പോലെ
ആര്‍ക്കും ആകാം.
അത്താഴം കഴിഞ്ഞ് കെട്ടിയോള്
പാത്രം കഴുകുമ്പോള്‍
അമ്മപ്പാത്രങ്ങളും പിള്ളത്തവികളും തമ്മിലുള്ള സംസാരം
നേര്ത്തുവരുന്നുണ്ടോയെന്ന് കാതോര്‍ത്ത്
കിടപ്പിന്
പാ
വിരിച്ചിടും മാതിരി
കിടപ്പുമുറിയുടെ ജനാലയ്ക്കുപുറത്ത്
കെട്ടിയോന്
ചാരം വിരിച്ചിടുകയാണ്.
കെട്ടിയോള്
പാത്രം മെഴക്കിവച്ച് പ്രാതലിനു പറഞ്ഞേല്‍പ്പിച്ച്
അടുക്കള പൂട്ടി കള്ളിപ്പൂച്ചയെ കാവലേല്‍പ്പിച്ച്
കുഞ്ഞുങ്ങളെ താരാട്ടി പേടിസ്വപ്നങ്ങളുടെ കൈയ്യിലേല്പ്പിച്ച്
വന്ന് തളര്‍ന്നു കിടക്കുമ്പോള്‍
എളിയിലൊരു കൊത്തരുവയും മൂര്‍ച്ചകൂട്ടി
കാട്ടുപുല്ലുചെത്താന് മലകയറിത്തുടങ്ങി
കെട്ടിയോന്.
ചെത്തിച്ചെത്തി മൂര്‍ച്ചമാഞ്ഞ കൊത്തരുവച്ചുണ്ട്
പുല്ലുകള്‍ക്കിടയില്‍ കല്ലില്‍ ആഞ്ഞുതട്ടിയിട്ടും
തീപ്പൊരിയുണ്ടാകാതെ
തീ പിടിക്കാതെ
ചെറിയൊരു നാളമായ് മങ്ങിനിന്നു.
ബാറ്ററി തീര്‍ന്ന ടോര്ച്ചായ്
നിലാവ് കെട്ടുപോയതിന്റെ പിന്നാലെ
പുതുബാറ്ററിയിട്ട ടോര്ച്ചായ്
സൂര്യന് മിന്നിമിനുങ്ങിവരുന്നേ...
കിടക്കപ്പായയില്‍ നിന്നെഴുന്നേറ്റ് കെട്ടിയോന്
മുറ്റത്തേക്ക് നടന്നോടി
തലേന്ന് വിരിച്ച ചാരത്തില്‍
ഒരുവന്റെ കാല്‍പ്പാട് തോന്നിച്ചെടുത്തു.
ഉറക്കുമുറിയിലെ കിടക്കപ്പായില്‍
ഗുമുഗുമാന്ന്...ഗുമുഗുമാന്ന്...
പെട്ടെന്ന് ഇടിവെട്ടി
തുടരെ മഴ.
എന്നും മഴ
ഇവിടെ.
3 comments:
kaleshettaa peru kettappol pazhaya mariyam rasheedaye orthu poyi athente thettaaaaa
ethaayaalum kavitha kalakki
:)
ee naadan vidhya palarkkum upakaarappedum....
pinne mazha peyyunna ethra veedukal...:)
BEST KANNAA BEST
Post a Comment