വി .ജയദേവ് |
അപ്പന്‍ ഊഞ്ഞാലാടുമ്പോള്‍
ആകാശം അകന്നകന്നു
പോയിക്കൊണ്ടിരിക്കും.
അപ്പാ അപ്പാ ആകാശം
തൊട്ടിങ്ങോട്ട് വാ,
ഒരു കുഞ്ഞാകാശം
താഴേക്ക് കൊണ്ടുവന്നു താ
എന്നൊക്കെയായിരിക്കും
ഭൂമി പറയുന്നുണ്ടാകുക.
ആകാശത്തിന് വല്ലാത്തൊരു
തണുപ്പായിരിക്കും
എന്നൊരു തര്‍ക്കവും കാണും.
ആകാശത്തിന് വല്ലാത്തൊരു
മണമുണ്ടാവും എന്ന് കൊതിക്കും.
അപ്പനെ താഴത്തിറക്കിയപ്പോള്‍
അതെ, വല്ലാത്തൊരു
തണുപ്പുണ്ടായിരുന്നു.
മണമെല്ലാം അപ്പന്‍ , പക്ഷെ
കടിച്ചുപിടിച്ചിരിക്കുകയായിരുന് നു.
തര്‍ക്കത്തിനിടെ തോറ്റിട്ടോ എന്തോ
പിന്നാമ്പുറത്ത് ആരോ
കരഞ്ഞും പിഴിഞ്ഞുമിരുന്നു.
മണം കിട്ടാത്ത കൊതിച്ചികള്‍
വല്ലവരും ആയിക്കൂടെന്നുമില്ല.
അതൊന്നും തിരക്കാനിതുവരെ
സമയം കിട്ടീട്ടുമില്ല,
അതില്‍പിന്നെ പല തിരക്കിനിടെ.
No comments:
Post a Comment