പാലം കടക്കുമ്പോള്‍

ബിനു.എം.പള്ളിപ്പാട് 

ഊദില്‍ നിന്ന്
തെറിക്കുന്നുണ്ട്
ശബ്ദത്തിന്‍റെ
തണുത്ത
ഷായ് രികള്‍  .

ജംപേ
കയ്യിലിരുന്നു പെരുകുന്നു.

മുറുക്കാന്‍കറയുള്ള പല്ല്
ഏത് ഇന്‍സ്ട്രുമെന്റാണ് ..?

പേരറിയാത്ത പഴവും
തെറ്റ് ചെയ്യാത്ത ആത്മാക്കളും
വിശ്വാസങ്ങളുടെ വേലി ചാടി
നമ്മുടെ ചെവിയില്‍
മുട്ടയിടുന്നു.

അവര്‍ ജനിച്ച ഭാഷ
തൊണ്ടയിലിരുന്നു കരയുന്നു.
അവരുടെ കണ്ണുനീരില്‍
യുദ്ധത്തിന്റെ പോസ്റ്റര്‍
ഉരുകിപ്പോവുന്നു.

അവര്‍
നിശബ്ദതയെ മുറിക്കുന്നത്
എത്ര കരുതലോടെയാണ്.
വിരലുകള്‍
കമ്പിയില്‍ തിരഞ്ഞു
ഒരു അനസ്വരവുമായി കളിക്കുന്നു.

ഞരമ്പുകള്‍
അവരുടെ കൈകളെ മുറുക്കിയെടുക്കുന്നു.

പാടി പിന്നിലേക്ക്‌ മലക്കുമ്പോള്‍
ഗിത്താറിന്റെ തണ്ട്
അതിര്‍ത്തി മുറിക്കുന്ന
ഇരണ്ടകള്‍ക്ക്
വഴികാണിച്ചു കൊടുക്കുന്നു.

സൂഫിയെന്ന് ഒരിക്കല്‍ പറയുമ്പോള്‍
സംഗീതം പോലെ എന്തോ
പുറത്തേക്ക് വരുന്നില്ലേ ..

മഴ എന്ന് കാണുംപോലെ..?

അങ്ങനെ പാലം കടക്കുമ്പോള്‍
ഈണത്തിന്റെ ഒരു വള്ളിയില്‍ ഞാന്ന്
നമ്മളും അക്കരയെത്തുന്നു.

3 comments:

Unknown said...

നല്ല ബിംബങ്ങള്‍ ...........

ഷാജി അമ്പലത്ത് said...

നല്ല കവിത

മടിയൻ said...

സൂഫിയെന്ന് ഒരിക്കല്‍ പറയുമ്പോള്‍
സംഗീതം പോലെ എന്തോ
പുറത്തേക്ക് വരുന്നില്ലേ ..