രാജേഷ് ചിത്തിര |
പങ്കുവെയ്ക്കുന്നുണ്ട്
അയാളെയും അവനവനെയും
കുറിച്ചല്ലാത്തതെല്ലാം
കാത്തിരിപ്പിന്റെ കാവല്‍ക്കാര്‍ ഞങ്ങള്‍
പരസ്പരം നഷ്ടപ്പെടുത്താതിരിക്കാന്‍
കോര്‍ത്തിട്ടുണ്ട് ചില വിരലുകള്‍
പരസ്പരം ചേര്‍ത്ത് വിടവുകള്‍
അകറ്റുന്നുണ്ട് ചില ശരീരങ്ങള്‍
കൂട്ടുമാറലിന്റെ കൂകിപ്പായലുകള്‍
ഓര്‍ത്തെടുക്കുന്നുണ്ട് ചിലരിടയ്ക്ക്.
കാത്തു നില്‍ക്കുകയാണ് ഒരാളെ
അപരിചിതത്വത്തിന്റെ ചില ചെടികളില്‍
ചിരിയുടെ ഒരിതള്‍ നിവര്‍ത്തി മടക്കുന്നുണ്ട്.
കൂട്ടം തെറ്റിയപൊല്‍ ഉള്ളിലേക്കൂളിയിട്ട്
നീന്തിത്തളര്‍ന്ന മത്സ്യങ്ങളെപ്പോലെ
ചെകിളകളിളക്കുന്നുണ്ട് ചിലരങ്ങനെ
കാത്തു നില്പ്പ് ഒരു കടലാണെന്ന്
നീന്തലറിഞ്ഞവര് തുഴഞ്ഞു തളര്‍ന്നെന്ന്
അറിയാതെ പോയവര്‍ ആറിത്തണുത്തെന്ന്
അയാള്‍ക്കു പിന്നാലെ എറുമ്പുകളായി
വരിവെച്ച് അടിവെച്ച് ഉള്ളിലേക്ക്കയറിയവര്‍
പന്നിക്കൂട്ടങ്ങളെ ഓര്‍മ്മിപ്പിച്ച്
അയാളെ മറന്ന് ചിതറുന്നുണ്ടുള്ളില്‍
ഉപേക്ഷിക്കപ്പെട്ട ഒരാളെന്നപോലെ
ഉള്ളില്‍ സ്വയം ബാക്കിയാവുന്നുണ്ട്
തനിച്ചാവുന്ന തിരക്കുനേരങ്ങളില്‍
കാത്ത് ഇരിക്കുകയാണ് അയാളെ
വെറ്റില അടയ്ക്കകള്‍ പോലെ
അയാളെയും തങ്ങളെയും കുറിച്ച്
വാക്കുകളെ ചവച്ചു തുപ്പുന്നുണ്ട്
മടുപ്പ് എന്ന അഗര്‍ബത്തി മണം
കാത്തിരിപ്പിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്.
വ്യഥയുടെ കരിയില കിലുക്കങ്ങള്‍
ഓരോരുത്തരായി അയാള്‍ക്കരികിലേക്ക്
ഭാരക്കുറവിന്റെ തിരിച്ചു വരവില്‍
വരിയും നിരയും തെറ്റിയ ചിതല്‍പ്പുറ്റുകള്‍
സ്വയം അടര്‍ന്നു വീഴുന്നുണ്ട് ചിലര്‍
എല്ലാത്തിന്റെയും അവസ്സാനമെന്ന
ബിംബകല്‍പ്പനപോലെ അയാളുടെ മുറി.
മൗനത്തിന്റെ നീണ്ടയാത്ര കഴിഞ്ഞെത്തിയ
ചിതലനക്കങ്ങള്‍ പുറത്തേക്ക് ഞങ്ങള്‍ .
No comments:
Post a Comment