ഉയിര്‍പ്പ്‌

ചാന്ദ്നി 
ഓരോ തവണ മരിയ്ക്കുമ്പോഴും കരുതും
ഇനിയും ഉയിര്‍ക്കാനാവില്ലെന്ന്‌

വിരലറ്റം വരെ തളര്‍ന്നുപോയ വരികള്‍,
വര്‍ത്തമാനങ്ങള്‍,
വായനകള്‍,
കണക്കുകള്‍,
രുചിഭേദങ്ങള്‍,
പ്രണയതാളങ്ങള്‍,
ഹൃദയത്തിന്‍ സമയസൂചികള്‍..
സംസ്കരിച്ച്‌ ഉയിര്‍പ്പുണ്ടാകുമെന്ന്‌
ചിന്തിയ്ക്കുന്നതെങ്ങനെ?

പുനര്‍ജ്ജനിയുടെ 
സൂത്രവാക്യമെഴുതാന്‍
ഒലീവില തേടും കിളിവാതിലുകളോടെ
കണ്ണില്‍ തൂങ്ങുന്നുണ്ട്‌,
തലമുറ താണ്ടിയ
രക്ഷാപേടകത്തിന്‍ ചുമര്‍ച്ചിത്രം

വെടിയുണ്ട തിന്നു ജീവിയ്ക്കുന്ന
ക്ഷാമകാലത്തില്‍ നിന്നും
മറുകരയിലേയ്ക്ക്‌ എത്തിപ്പിടിയ്ക്കാനായുന്ന
ഊഞ്ഞാലുകള്‍ പോലെയാണ്‌
അതിന്‍ തുഴകളത്രയും

നീണ്ട അള്‍ത്താരയില്‍,
കുരിശിലേറ്റപ്പെട്ടവന്റെ നോട്ടം
ഉരുകിയുരുകി ചരിഞ്ഞുപോയിരിയ്ക്കുന്നു 

മെഴുകുതിരിയുടെ
പുരാതനമായ മഞ്ഞ വെളിച്ചത്തില്‍
മഴപ്പാറ്റകള്‍ മാലാഖച്ചിറകുരുക്കുന്നു

സാധ്യതയുടെ നേര്‍രേഖ
തേഞ്ഞുമാഞ്ഞു പോയിരുന്നിട്ടും,
കൊമ്പൊടിഞ്ഞുമരിച്ച
എന്റെ ഊഞ്ഞാലുയര്‍ത്താന്‍

അമ്മേ..എന്ന്‌
മോളേ..എന്ന്‌
എന്റെ പൊന്നേ.. എന്ന്‌

പ്രളയപ്പരപ്പില്‍ നിന്ന്‌
മൃതസഞ്ജീവനിയും കൊത്തി
വെള്ളപ്പിറാവെത്തുമെന്നും,
അടുത്ത നിമിഷം
കുരിശില്‍പ്പോലും 
ഒലീവുമരങ്ങള്‍ പൊട്ടിമുളയ്ക്കുമെന്നും
കരുതിയതേ അല്ല

5 comments:

മണിലാല്‍ said...

പ്രളയപ്പരപ്പില്‍ നിന്ന്‌
മൃതസഞ്ജീവനിയും കൊത്തി
വെള്ളപ്പിറാവെത്തുമെന്നും,
അടുത്ത നിമിഷം
കുരിശില്‍പ്പോലും
ഒലീവുമരങ്ങള്‍ പൊട്ടിമുളയ്ക്കുമെന്നും
കരുതിയതേ അല്ല

Email ThisBlogThis!Share to TwitterShare to Facebook

കരീം മാഷ്‌ said...

ചാരത്തിൽ നിന്നു “ഫിനിക്സ് പക്ഷി” ചിറകടിച്ചുയരുന്നതാണെന്റെ ഉയിർപ്പുള്ളം.

kaithamullu : കൈതമുള്ള് said...

നീണ്ട അള്‍ത്താരയില്‍,
കുരിശിലേറ്റപ്പെട്ടവന്റെ നോട്ടം
ഉരുകിയുരുകി ചരിഞ്ഞുപോയിരിയ്ക്കുന്നു
---
സത്യം!

Bhanu Kalarickal said...

നന്നായിരിക്കുന്നു. ചാരുതയുള്ള ബിംബങ്ങള്‍.

അനില്‍കുമാര്‍ . സി. പി. said...

സാധ്യതയുടെ നേര്‍രേഖ തേഞ്ഞുമാഞ്ഞു പോയിരുന്നിട്ടും ഓരോ തവണയും ഉയിര്‍ക്കാന്‍ കഴിയുന്നുവല്ലോ.

ഇഷ്ടമായി ഈ കവിത.