പിന്നെയും ഈ ദൈവത്തിന്റെ ഒരു കാര്യം*

കുഴൂര്‍ വിത്സണ്‍ 


വിചിത്രവും 
അതിലേറെ
വിസ്മയകരവുമായ
ഒരു പണിയാണ്
ഇന്ന് രാവിലെ
ദൈവം തന്നത്.

മുറിയില്‍ നിന്നിറങ്ങുക

വലത്തോട്ടു നടന്നു
ഒരിക്കല്‍ക്കൂടി
വലത്തോട്ടു തിരിയുമ്പോള്‍
ആദ്യം കാണുന്ന
ആമ്പമരത്തിന്റെ
പതിനാലാമത്തെ ചില്ലയുടെ
ആയിരത്തിപ്പതിമൂന്നാമാത്തെ
ഇലയില്‍ 
ഒരു ദേശാടനക്കിളിയുടെ
കാഷ്ഠത്തിന്റെ കറയുണ്ട്.
അത്
ഉമിനീര് കൊണ്ട്
കഴുകുക.

അത് ചെയ്തു.

ഇടത്തോട്ടു നടക്കുക
പതിനാറാമത്തെ വില്ലയുടെ
കിഴക്കേ അതിരില്‍
കെട്ടിയ്ക്കാത്ത
ഒരു ഈത്തപ്പന 
നില്‍പ്പുണ്ട്.

അതിന്‍റെ 
മുകളിലത്തെ
12 പട്ടകളൊഴിച്ച് 
താഴെയെല്ലാം
പച്ച പോയി 
മരിച്ചിരിക്കുന്നു.

വിയര്‍പ്പോ 
കണ്ണീരോ
കൊടുത്ത്
ഇളം പച്ചയാക്കുക.

അതുമായി

നേരെ നടന്ന് കാണുന്ന
കലുങ്കിന്റെ 
അടിവശത്ത്
ഒരു
കുഞ്ഞാല്‍മരം 
കിളിര്‍ത്ത് വരുന്നുണ്ട്.

ഒരുമ്മ കൊടുത്ത്
അവളെ
അമ്മയാക്കുക.

ഹോ
പിന്നെയും
ഈ 
ദൈവത്തിന്റെ
ഒരു കാര്യം.


*ഈ ദൈവത്തിന്റെ ഒരു കാര്യം എന്ന കവിത കുഴൂർവിത്സൺ മുൻപ് എഴുതിയിട്ടുണ്ട് 

19 comments:

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...


ദൈവത്തിന്റെ
ഒരു കാര്യം.

പകല്‍കിനാവന്‍ | daYdreaMer said...

പിന്നെയും മരങ്ങളുടെ ദൈവം !

velliyadan said...

ദൈവമേ..............

രാകേഷ് said...

ഇഷ്ടായി..

Karthika said...

ഈ വിത്സ്ൻ കവിയുടെ ഒരു കാര്യം...നന്നായിട്ടുണ്ട്...

കനല്‍ said...

എനിക്കൊന്ന് മനസിലായി.
ഇതൊന്നും മനസിലാക്കാനുള്ള
ബുദ്ധിയോ മാനസിക വളര്‍ച്ചയോ
എനിക്കായിട്ടില്ലെന്ന്.

[ nardnahc hsemus ] said...

പറഞ്ഞപോലെ ഒക്കെ ചെയ്തോണ്ട് നീ രക്ഷപ്പെട്ടു...

എന്റെ കാര്യാ കഷ്ടം!

MyDreams said...

ദൈവത്തിന്റെ ഒരു കാര്യം ഒക്കെ ഇപ്പൊ അങ്ങനെ ഒക്കെ ആണ് അല്ലെ

സാക്ഷ said...

ഈ ദൈവത്തിന്റെ മാത്രമല്ല, ഈ കവികളുടെയും ഒരു കാര്യം.
എവിടെക്കൊക്കെയാണവര്‍ തുറുകണ്ണു തുറന്നു വെക്കുന്നത്!
ഇനി ഞാനെന്തെഴുതാന്‍... ഞാനെഴുതേണ്ടതെല്ലാം നീ എഴുതിക്കളഞ്ഞല്ലോ.. പഹയാ

പ്രവാസം..ഷാജി രഘുവരന്‍ said...

വീണ്ടും ഒരു നാമ്പിനായി കാത്തിരിക്കാം ...പൊട്ടും എവിടെയെങ്കിലും

junaith said...

ഹോ
പിന്നെയും

കുഴൂരിന്റെ
ഒരു കാര്യം

ഉമിനീരലക്കിയ
ചാമ്പയില
വിയര്‍പ്പുപ്പ് കൊടുത്തു
നിറമേറ്റിയ പനമ്പട്ട
ഉമ്മയേറ്റമ്മയായ
ഒരാല്‍മരം..

Mahendar said...

പാലത്തിന്‍റെ അടീലെ കുഞ്ഞന്‍ ആലിനെക്കൂടി വെറുതെ വിടൂല...ല്ലേ?


ഈ ദൈവത്തെ കൊണ്ട് ഞാന്‍ തോറ്റു!!!

Manoraj said...

സാക്ഷ പറഞ്ഞതിനിടയില്‍ ഒരു കൈയൊപ്പിട്ടോട്ടേ.. മികച്ച കവിത

murali said...

വിചിത്ര്0/ അതിലേറെ/വിസ്മയ0 /അതാണ് ദൈവം

റിനി ശബരി said...

ഭായ് . ഇഷ്ടായീ .. ഈ പണി തന്ന ദൈവത്തേയും , അക്ഷരം പ്രതി അനുസരിച്ച കവിയേയും ..

കണ്ണുകള്‍ തുറന്ന് വച്ചിരിക്കുന്ന കവി
ഹൃദയം മിടികുന്നത് വെറുതേയല്ലാന്ന് വീണ്ടും വീന്റും ഓര്‍മിപ്പിക്കുന്നു ഈ വരികള്‍ ..

ആശംസ്കള്‍ പ്രീയ മിത്രമേ ..

chandunair said...

വിഷമം തൊന്നരുത്.... ഇത് കവിതയുടെ ഗണത്തിൽ പെടുത്താമോ...? ആശയം വ്യക്തമാക്കി എഴുതുക..ചന്തുനായർ

ഷാജി അമ്പലത്ത് said...

കവിത
കവിത
കവിത

manu nellaya മനു നെല്ലായ. said...

ഇലയില്‍
ഒരു ദേശാടനക്കിളിയുടെ
കാഷ്ഠത്തിന്റെ കറയുണ്ട്.
അത്
ഉമിനീര് കൊണ്ട്
കഴുകുക.

ധന്യാദാസ്. said...

ഒരുമ്മ കൊടുത്ത്
അവളെ
അമ്മയാക്കുക.

സ്നേഹം കൊണ്ട് തൊട്ടെടുക്കട്ടെ ഈ വരികളും കവിതയും.

നന്ദി നല്ല ഒരു അനുഭവത്തിന്..