ഉറുമ്പുകള്‍ റോഡ്‌ മുറിച്ചു കടക്കുന്ന വിധം

റെജി.ടി  

ഉറുമ്പുകള്‍
റോഡ്‌ മുറിച്ചു കടക്കുമ്പോള്‍
സീബ്രാ ലൈന്‍ പരതി നടക്കാറില്ല
 
കാലെടുത്തു വെക്കുമ്പോള്‍
കാറോ ബസ്സോ വരുന്നുണ്ടോ എന്ന്
ഇടം വലം തിരിഞ്ഞു നോക്കാറില്ല 

ഇരമ്പി പായുന്ന വാഹനങ്ങളെ
ഒട്ടും ഗൌനിക്കാറില്ല
പാതി നടന്ന വഴി
തിരിഞ്ഞു ഓടാറില്ല

കാരണം
ഇതൊരു കറുത്ത പാതയാണെന്ന്
അവയ്ക്കറിയില്ല ..

പാപം

അജിതന്‍ ചിറ്റാട്ടുകര 
കൊന്ന പാപം 
തിന്നാല്‍ തീരുമെന്നാണ്
നിങ്ങളെന്നെ ന്യായം പഠിപ്പിച്ചത് 

പ്രാവിനെ വെടി വെച്ചിടുമ്പോള്‍
അതിന്റെ
ചോരയും ,പിടച്ചിലും കണ്ട്
ഞാന്‍ ബുദ്ധനായില്ല
വാത്മീകിയായില്ല

അതിനെ പൊരിച്ചു തിന്നാണ്
ഞാനന്ന്
കുമ്പസാര കൂടിനോട് സന്ധിയായത് 

മാനിനെ കെണി വെച്ച് പിടിച്ച്
ഇറച്ചിയാക്കി
വേവിച്ചു തിന്നുമ്പോള്‍
ശേഷം പാപം
അമേധ്യമായൊടുങ്ങുന്നത് കണ്ട്
ഞാന്‍
സമാധാനം കൊണ്ടു

എന്നാല്‍
കൊന്നിട്ടും കൊന്നിട്ടും
ചങ്ങാതിയെ മാത്രം
തിന്നാന്‍ കഴിഞ്ഞില്ലല്ലോ
എന്നുള്ളതാണെന്റെ സങ്കടം 

ഇത്രകാലം
ചുമലില്‍ കയ്യിട്ടു നടന്ന്
എന്തിനായിരുന്നു നീ എന്നെ
തിന്നു തീര്‍ത്തത്
എന്ന അവന്റെ
അനക്കമറ്റ കണ്ണുകളുടെ ചോദ്യമാണ്
ഇന്നും എന്നെ
ജീവപര്യന്തം തടവിനു വിധിക്കുന്നത് .

വിവര്‍ത്തനം

ഷാജി അമ്പലത്ത് 


പറവകള്‍
കുഞ്ഞിച്ചിറകിനാല്‍
എഴുതി വെച്ചത്,
പരല്‍ മീനുകള്‍
ജലപരപ്പില്‍
കൊത്തി വെച്ചത് ,

മരങ്ങള്‍
തലയാട്ടി ചൊല്ലുന്നത് ,
ഉറുമ്പുകളുടെ 
ഉച്ചത്തിലുള്ള
കേള്‍ക്കാനാവാത്ത
മുദ്രാവാക്യങ്ങള്‍

പുത്തന്‍
അക്ഷരമാലകള്‍
കോര്‍ത്തുകെട്ടി
ഒക്കെയും പഠിച്ചെടുക്കണം


പിന്നെ

പുഴയെ കുറിച്ച് ,
മഴയെ കുറിച്ച് ,
മരങ്ങളെ കുറിച്ച്
നിങ്ങളെഴുതിയ വെച്ച കവിതകളൊക്കെ
ചൊല്ലിക്കൊടുക്കണം

സന്തോഷം കൊണ്ടവരുടെ
കണ്ണ് നിറയുമായിരിക്കും 

എഴുതി വെച്ചിട്ടുണ്ടാവും
നിന്നെ കുറിച്ച്
അവരും ചിലതൊക്കെ
ഞാനത്
ചൊല്ലി തരുമ്പോള്‍
നിന്റെ കണ്ണും
നിറഞ്ഞു തൂവുമായിരിക്കും.

അങ്ങനെയും ചില ചാമ്പക്കകള്‍

യാമിനി ജേക്കബ് 


ഡിസംബറിന്റെ കയ്യൊപ്പുള്ള
മണം, മഞ്ഞ്,
ചുവന്നു തുടുത്ത ചാമ്പക്കകള്‍.

ഡിസംബറിന്റെ മണം,
മഞ്ഞിന്റെതെന്നു പ്രണയിക്കുന്നവള്‍ -
രക്ത ദാഹിയായ യക്ഷി കുടി കൊള്ളുന്ന
പാല പൂത്തതെന്നു
പരിത്യക്തനായ കാമുകന്‍.

ചാംബക്കകളോട് ഒരിക്കലും
കൌതുകം കെടാത്ത ഒരു കുട്ടി-
ചാമ്പക്കകള്‍,
തല്ലിക്കൊഴിക്കാന്‍ മടിയുമായി
മരച്ചോട്ടില്‍.
തല്ലിക്കൊഴിച്ചു നേടുന്നതൊക്കെയും
കൃത്യം കൈക്കുള്ളില്‍ ഒതുങ്ങുമെന്ന്
എന്താണ് ഉറപ്പ്?

ഓരോ ചാമ്പ മര ചോടും 
ഓരോ ശവ പറമ്പാണ്-
കൈക്കുള്ളില്‍ ഒതുങ്ങുന്നതിലും ഏറെ
നിലത്തു വീണു,
ചിതറി നഷ്ടപ്പെടുന്ന ചാമ്പക്കകള്‍.
കാലത്തോടൊപ്പം മായ്ക്കപ്പെടുന്നവ.

അത് കൊണ്ട്,
കണ്ടു കൊണ്ടിരിക്കാന്‍.......
ചിലപ്പോള്‍
ദൂരെ ദൂരെ ടെറസ്സില്‍ നിന്ന്,
മറ്റു ചിലപ്പോള്‍,വളരെ അടുത്ത്
മരച്ചോട്ടില്‍ നിന്ന്-
ഏതെങ്കിലും കൊമ്പുകളില്‍
മൂത്ത്  പഴുക്കാന്‍ ..........
ആ ചാംബക്കകളെ 
ഞാന്‍ വെറുതെ വിടുന്നു.
എന്നിലേക്ക്‌ എത്തി ചേരേണ്ടുന്നവക്ക്
വഴി തെറ്റില്ല എന്നാണ് ആത്മ വിശ്വാസം.


 NB:-ഒരിക്കലും തുറന്നു  പറയാനിടയില്ലാത്ത ചില പ്രണയങ്ങളെ  കുറിച്ച് 

ചിതല്‍ തിന്നു തിന്നങ്ങനെ ...

രാജേഷ് ചിത്തിര 

കാത്തു നില്‍ക്കുകയാണ് ഒരാളെ
പങ്കുവെയ്ക്കുന്നുണ്ട്
അയാളെയും അവനവനെയും
കുറിച്ചല്ലാത്തതെല്ലാം
കാത്തിരിപ്പിന്റെ കാവല്‍‍ക്കാര്‍ ഞങ്ങള്‍

പരസ്പരം നഷ്ടപ്പെടുത്താതിരിക്കാന്‍
‍കോര്‍ത്തിട്ടുണ്ട് ചില വിരലുകള്‍
പരസ്പരം ചേര്‍ത്ത് വിടവുകള്‍
അകറ്റുന്നുണ്ട് ചില ശരീരങ്ങള്‍
കൂട്ടുമാറലിന്റെ കൂകിപ്പായലുകള്‍‍
ഓര്‍ത്തെടുക്കുന്നുണ്ട് ചിലരിടയ്ക്ക്.

കാത്തു നില്‍ക്കുകയാണ് ഒരാളെ
അപരിചിതത്വത്തിന്റെ ചില ചെടികളില്‍
‍ചിരിയുടെ ഒരിതള്‍ നിവര്‍ത്തി മടക്കുന്നുണ്ട്.
കൂട്ടം തെറ്റിയപൊല്‍ ഉള്ളിലേക്കൂളിയിട്ട്
നീന്തിത്തളര്‍ന്ന മത്സ്യങ്ങളെപ്പോലെ
ചെകിളകളിളക്കുന്നുണ്ട് ചിലരങ്ങനെ

കാത്തു നില്പ്പ് ഒരു കടലാണെന്ന്
നീന്തലറിഞ്ഞവര് തുഴഞ്ഞു തളര്‍ന്നെന്ന്
അറിയാതെ പോയവര്‍ ആറിത്തണുത്തെന്ന്

അയാള്‍ക്കു പിന്നാലെ എറുമ്പുകളായി
വരിവെച്ച് അടിവെച്ച് ഉള്ളിലേക്ക്കയറിയവര്‍
‍പന്നിക്കൂട്ടങ്ങളെ ഓര്‍മ്മിപ്പിച്ച്
അയാളെ മറന്ന് ചിതറുന്നുണ്ടുള്ളില്‍

ഉപേക്ഷിക്കപ്പെട്ട ഒരാളെന്നപോലെ
ഉള്ളില്‍ സ്വയം ബാക്കിയാവുന്നുണ്ട്
തനിച്ചാവുന്ന തിരക്കുനേരങ്ങളില്‍

കാത്ത് ഇരിക്കുകയാണ് അയാളെ
വെറ്റില അടയ്ക്കകള്‍ ‍പോലെ
അയാളെയും തങ്ങളെയും കുറിച്ച്
വാക്കുകളെ ചവച്ചു തുപ്പുന്നുണ്ട്
മടുപ്പ് എന്ന അഗര്‍ബത്തി മണം
കാത്തിരിപ്പിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്.

വ്യഥയുടെ കരിയില‍ കിലുക്കങ്ങള്‍
‍ഓരോരുത്തരായി അയാള്‍‍ക്കരികിലേക്ക്
ഭാരക്കുറവിന്റെ തിരിച്ചു വരവില്‍
വരിയും നിരയും തെറ്റിയ ചിതല്‍പ്പുറ്റുകള്‍
സ്വയം അടര്‍ന്നു വീഴുന്നുണ്ട് ചിലര്‍

എല്ലാത്തിന്റെയും അവസ്സാനമെന്ന
ബിംബകല്‍പ്പനപോലെ അയാളുടെ മുറി.
മൗനത്തിന്റെ നീണ്ടയാത്ര കഴിഞ്ഞെത്തിയ ‍
ചിതലനക്കങ്ങള്‍ പുറത്തേക്ക് ഞങ്ങള്‍ .

ഓടിയോടിക്കടന്നുപോകുന്ന ദിനങ്ങള്‍ക്ക്..

സുപ്രിയ .എന്‍ .ടി 

എത്ര ആഴത്തിലേയ്ക്ക്
പൊട്ടിച്ചെറിയുന്നിതിങ്ങനെ;
ഗര്‍ഭപാത്രം
ഭ്രൂണത്തെയെന്നപോല്‍!!

തിരിഞ്ഞു നോക്കാതെ,
ഇരുട്ടും കടന്നുപോകുമ്പോള്‍
''കരിഞ്ഞുപോ'' എന്നൊന്ന്
ശപിച്ചിട്ടു പോകൂ..

വെറുതേ ചിരിച്ചു കാണിച്ച
കള്ള നാട്യങ്ങളേ..!
വഴിയില്‍,
ഒരുവേള തണല്‍ത്തന്ന
പെണ്‍മരമെന്ന് ഓര്‍മ്മയില്‍
കോറിവെച്ചിടാന്‍ മാത്രമായ്
നിഴലുമായ് കൂട്ടുവരേണ്ടിനി.

ഒറ്റയായ്
തുടങ്ങി അവസാനിക്കുന്ന
എന്റെമാത്രം വഴികളേ..
തിരിച്ചു തരികയെന്‍ അന്ധകാരത്തെയിനി..

അതിഭയങ്കരമായി


വിമീഷ് മണിയൂര്‍ 

അപമാനിച്ചു കളഞ്ഞു 
എന്നെ അപമാനിച്ചു കളഞ്ഞു 

ദേ പത്തു മിനിറ്റ് ആയതേ ഉള്ളൂ 
രാത്രി ഭക്ഷണം കഴിച്ചു വരികയായിരുന്നു 
നായയെ നായയായും 
മനുഷ്യനെ മനുഷ്യനായും 
കാണാനുള്ള വെളിച്ചം റോഡിലുണ്ടായിരുന്നു

മൂന്ന് പട്ടികള്‍ 
നായയെ നോക്കും പോലെ നോക്കി 
അപമാനിച്ചു കളഞ്ഞു 
എന്നെ 
ഭയങ്കരമായി അപമാനിച്ചുകളഞ്ഞു .

ജാരൻ (സചിദാനന്ദന്‍ പുഴങ്കര )




ഒരുനാൾ
കുഞ്ഞിരാമൻ നായർ
ഞങ്ങളുടെ വാടകവീട്ടിൽ വന്നു....
ഏറ്റവും നീളം കുറഞ്ഞ
പകലായിരുന്നു അത്.

കൊടിത്തൂവ പോലെ
പരസ്പരം തിണർപ്പിക്കുകയായിരുന്നു ഞങ്ങൾ,
ദൈവമേ!
നോക്കി നോക്കിയിരിക്കെ
കുത്തഴിഞ്ഞ ആ കയ്യെഴുത്തുപ്രതി
എത്സിയെ ചുംബിച്ച്
നിലാവാക്കിക്കളഞ്ഞു,
ഇളയെ കണ്ണിമയാൽ കുരുക്കിട്ടുപിടിച്ച്
നക്ഷത്രമാക്കിക്കളഞ്ഞു,
ഇളയവൾ പൂച്ചക്കുറിഞ്ഞി
പിന്നെയെങ്ങനെ രക്ഷപ്പെടാൻ...!

അയാൾ തൊട്ടതെല്ലാം
പൊന്നായി മാറണേയെന്ന്
ഋണബദ്ധമായ എന്റെ ഹൃദയം
മിടിച്ചുകൊണ്ടേയിരുന്നു,
എങ്ങനെയൊക്കെയോ രാത്രി തീർന്നു.

മരിക്കുമ്പോൾ അരയന്നം
പാട്ടുപാടില്ലെന്ന്
കുഞ്ഞിരാമനറിയാമായിരുന്നു...
പാട്ടുപാടുന്ന അരയന്നം മരിക്കില്ലെന്നെനിക്കും.

പിന്നീടെപ്പോഴോ 
അറിഞ്ഞു..
അയ്യേ!
അത് കവിയായിരുന്നില്ല,
ജുബ്ബയിട്ടു വന്ന താറാവായിരുന്നു...
മുഴുതിങ്കൾ പോലൊരു ചേങ്കിലം...
കവിതകൊണ്ടു പൊതിഞ്ഞ 
കപ്പലണ്ടി..

ഇപ്പോൾ വീട്ടിൽ മനുഷ്യരില്ല...
ഇത്തിരി നിലാവ്,
നക്ഷത്രം,
പൂത്താങ്കീരി,
പിന്നെ ഒരു വിത്തുകാള....

അത്യത്ഭുതം

പി .എ.അനീഷ്‌ 
ഇതു വളരെ അത്ഭുതമായിരിക്കുന്നു
അടുക്കളയില്‍
അടുപ്പുതട്ടിനു മധ്യത്തിലായി
ആ മുളകുപൊടിഡെപ്പി
ഇന്നലെയിരുന്ന
അതേ സ്ഥാനത്തുതന്നെയിരിക്കുന്നു
ഒരു പകല്‍
ഇടയില്‍ നിന്ന്
ആരോ മായ്ച്ചു കളഞ്ഞപോലെ

ഉറപ്പായും
അതൊരലമാരയിലിരിയ്ക്കേണ്ടതായിരുന്നു
അപരിചിതദേശത്ത്
ഒറ്റപ്പെട്ടപോലെയെന്ന്
ഇന്നലെയും തോന്നിയിരുന്നു
അതേ തോന്നല്‍
ഇപ്പോഴുമുണ്ടായി

അടുക്കളയിലെ
നിന്റെയൊരു ദിവസത്തെ
മുഴുവന്‍ അധ്വാനങ്ങളും
അതിനെ നീക്കിവെയ്ക്കാന്‍
പ്രേരിപ്പിക്കാത്തത്
അത്യത്ഭുതം തന്നെ

ആ മുളകുപൊടി ഡെപ്പി
നാളെയുമവിടെത്തന്നെ
യിരിക്കുമായിരിക്കും
ജനിച്ചപ്പോഴുണ്ടായ
ആ തോന്നല്‍
നാളെയുമുള്ളില്‍ നിന്ന്
തികട്ടിവരുമായിരിക്കും

വളരെ പെട്ടെന്നുതന്നെ
ഞാനെല്ലാം മറന്നുപോയിരിക്കുന്നു
ഇപ്പോഴെന്റെ മനസ്സില്‍
ആ മുളകുപൊടിഡെപ്പിയില്ല
ആ തോന്നലുമില്ല

അത്യത്ഭുതം തന്നെ
ഉപരിതലത്തിലെ മീനുകളേ
നിങ്ങളുടെ ലോകം!

ഡിസംബറില്‍ ..

പവിത്രന്‍ തീകുനി 
നിന്നെ നഷ്ട്ടപെട്ട ഡിസംബറില്‍ നിന്നും 
എന്നെ ഞാന്‍ കീറി കളഞ്ഞു 
മുറിഞ്ഞു മാറിയ പ്രണയത്തിന്
മരണത്തിന്റെ മരണമെന്ന് പേരിട്ടു 

ചേരാതെ പോയ ചേര്‍ച്ച 
ചില്ലു ഗ്ളാസ്സില്‍ നുരഞ്ഞു പൊന്തി 
വെന്തു നേരിയ ഉണ്മ 
നെഞ്ചിലെ ഉറവകളില്‍ മുട്ടി 

മഞ്ഞു മണക്കുന്ന ഭ്രാന്തിലേക്ക് 
മെല്ലെ ഞാന്‍ നടന്നു പോയി 
വീടും ,നാടും ,മനസ്സും 
എന്റെ വിലാസത്തില്‍ നിന്ന് കാണാതായി 

എങ്കിലുമൊരുറപ്പില്‍ ,
ഇപ്പോഴും ഞാന്‍ തറഞ്ഞു നില്‍ക്കുന്നു .

കീരി

മനോജ്‌ മേനോന്‍ 
ഓര്‍മ്മയില്‍ തങ്ങി നില്‍പ്പുണ്ട് 
പറയന്റെ പറമ്പില്‍ നിന്ന്
വെള്ളുത്തേടത്തേയ്ക്കും 
അവിടെ നിന്ന്‍ മനക്കിലേയ്ക്കുമുള്ള 
നിന്റെ ശരവേഗപ്പാച്ചില്‍ .

പത്തി വിരിച്ച
ചീറിയടുത്ത ചിത്രവര്‍ണ്ണനെ 
നീ ഒറ്റയടിക്ക് തീര്‍ത്തിട്ടുണ്ട് .

ആഞ്ഞില് കടഞ്ഞ 
മരയഴി തകര്‍ത്ത് 
കോഴി പറ്റങ്ങളെയെല്ലാം 
മോചിപ്പിച്ചിട്ടുണ്ട് 

കമ്മ്യുണിസ്റ്റ് പച്ചകളും 
തിരുത്താളി വള്ളികളും നിറഞ്ഞ
ആവാസ കേന്ദ്രം സംരക്ഷിക്കാന്‍
വാഴത്തോട്ടത്തിലേക്ക് 
വീറോടെ ജാഥ നയിച്ചിട്ടുണ്ട് 

എല്ലാം ശരി തന്നെ..


ഇന്നീ പഞ്ചായത്ത് റോഡില്‍ 
നമ്പര്‍ പ്ലേറ്റില്ലാ 
വാഹനമിടിച്ച് 
ചത്ത്‌ മലച്ചു കിടക്കുമ്പോള്‍
പ്രിയ ചെങ്കീരി 
നിന്റെ വേഗത, ശൂരത, കൂര്‍മ്മത
എന്നിവക്കെല്ലാമപ്പുറം 
നീ പഠിക്കേണ്ടിയിരുന്നു 
ആധുനികലോകത്തിന്റെ 
ഉത്തരാധുനികസമയതാളം.

ഉയിര്‍പ്പ്‌

ചാന്ദ്നി 
ഓരോ തവണ മരിയ്ക്കുമ്പോഴും കരുതും
ഇനിയും ഉയിര്‍ക്കാനാവില്ലെന്ന്‌

വിരലറ്റം വരെ തളര്‍ന്നുപോയ വരികള്‍,
വര്‍ത്തമാനങ്ങള്‍,
വായനകള്‍,
കണക്കുകള്‍,
രുചിഭേദങ്ങള്‍,
പ്രണയതാളങ്ങള്‍,
ഹൃദയത്തിന്‍ സമയസൂചികള്‍..
സംസ്കരിച്ച്‌ ഉയിര്‍പ്പുണ്ടാകുമെന്ന്‌
ചിന്തിയ്ക്കുന്നതെങ്ങനെ?

പുനര്‍ജ്ജനിയുടെ 
സൂത്രവാക്യമെഴുതാന്‍
ഒലീവില തേടും കിളിവാതിലുകളോടെ
കണ്ണില്‍ തൂങ്ങുന്നുണ്ട്‌,
തലമുറ താണ്ടിയ
രക്ഷാപേടകത്തിന്‍ ചുമര്‍ച്ചിത്രം

വെടിയുണ്ട തിന്നു ജീവിയ്ക്കുന്ന
ക്ഷാമകാലത്തില്‍ നിന്നും
മറുകരയിലേയ്ക്ക്‌ എത്തിപ്പിടിയ്ക്കാനായുന്ന
ഊഞ്ഞാലുകള്‍ പോലെയാണ്‌
അതിന്‍ തുഴകളത്രയും

നീണ്ട അള്‍ത്താരയില്‍,
കുരിശിലേറ്റപ്പെട്ടവന്റെ നോട്ടം
ഉരുകിയുരുകി ചരിഞ്ഞുപോയിരിയ്ക്കുന്നു 

മെഴുകുതിരിയുടെ
പുരാതനമായ മഞ്ഞ വെളിച്ചത്തില്‍
മഴപ്പാറ്റകള്‍ മാലാഖച്ചിറകുരുക്കുന്നു

സാധ്യതയുടെ നേര്‍രേഖ
തേഞ്ഞുമാഞ്ഞു പോയിരുന്നിട്ടും,
കൊമ്പൊടിഞ്ഞുമരിച്ച
എന്റെ ഊഞ്ഞാലുയര്‍ത്താന്‍

അമ്മേ..എന്ന്‌
മോളേ..എന്ന്‌
എന്റെ പൊന്നേ.. എന്ന്‌

പ്രളയപ്പരപ്പില്‍ നിന്ന്‌
മൃതസഞ്ജീവനിയും കൊത്തി
വെള്ളപ്പിറാവെത്തുമെന്നും,
അടുത്ത നിമിഷം
കുരിശില്‍പ്പോലും 
ഒലീവുമരങ്ങള്‍ പൊട്ടിമുളയ്ക്കുമെന്നും
കരുതിയതേ അല്ല

യൂദാസ്

മേരി ലില്ലി 
യൂദാസ്, 
അത്‌ നിന്‍റെ നിയോഗമായിരുന്നു 
മുപ്പത് വെള്ളിക്കാശിന്റെ 
കിഴിയുടെ  കിലുക്കവും  
ഒരു ചുംബനത്തിന്റെ ഭാരവും 

ഒരുവേള 
മുള്‍ക്കീരിടത്തിന്റെയും
മുള്ളാണികളുടെയും 
ആഴങ്ങളേറെയും 
ഏറ്റു വാങ്ങിയത് 
നിന്‍റെ ഹൃദയമായിരിക്കും 
ബോധത്തിലേറ്റ ആഘാതം 
താങ്ങാനാവാതെ 
പൊട്ടിക്കരഞ്ഞു കൊണ്ടോടി 
ജീവന്‍ ഉപേക്ഷിച്ച 
ശിഷ്യനും നീ മാത്രമായിരുന്നു 

ചുംബനം കൊണ്ടു കവിള്‍ത്തടം 
പൊള്ളിക്കാമെന്നും 
മനസ്സില്‍ മുറിപ്പാടുകളേറ്റാമെന്നും 
അപ്പം പങ്കിട്ടവനെ 
ഒറ്റു കൊടുക്കാമെന്നും 
ലോകത്തെ പഠിപ്പിച്ച 
ആദ്യ ഗുരുവും നീ 

കരയാതമ്മേ..

ഹന്ലല്ലത്ത് 
അമ്മെ,
മിഠായി വേണമെന്നിനി
മോള് പറയില്ല
അമ്മ കരഞ്ഞാല്‍
മോള്‍ക്കും കരയാന്‍ വരും
കരയാതമ്മേ...

ചിരി മഴയെന്നു
മോളെ നോക്കിപ്പറയമ്മേ...
കിലുകിലെയമ്മയും
ചിരിക്കമ്മേ..

അമ്മെ,
ഇന്നുച്ചയ്ക്കമ്മുവെന്നോട്
പിണങ്ങി

അമ്മയിനീം
കണ്‍ തുറന്നില്ലേല്‍
മോളൊറ്റയ്ക്ക്
പുഴക്കരയില്‍ പോകും
കരടി വന്നു മോളെ പിടിക്കട്ടെ

കഴുത്തിലാണോ
അമ്മെ ഊഞ്ഞാല് കെട്ടുന്നേ..?
ഒന്ന് മിണ്ടമ്മേ...
മോള് സത്യായും പോകുമേ...

ട്രാഫിക്


ഗീതാ രാജന്‍ 

പുകക്കാടുകളില്‍ പതുങ്ങി
തിരക്കിന്റെ വേഷങ്ങള്‍
അഴിച്ചു വച്ചു ഒരു നിമിഷം
നിശ്ചലമാകുന്ന വേഗത!
പ്രതാപങ്ങളുടെ തട്ടിന്പ്പുറങ്ങളില്‍
പച്ചപ്പുകള്‍ തേടി കുതിച്ചു
പായും മനസ്സുകള്‍ പോലും
നിശ്ചലം മഞ്ഞപ്പോലെ!!
ചില അനുസരണക്കെടുകള്‍
മുറിച്ചു കടക്കുന്നുണ്ട്
ഒരു കാലത്തെ തന്നെ
തട്ടിത്തെറിപ്പിച്ചു
ഇടിച്ചു കയറി പോകുന്നുണ്ട്
ചരിത്രത്തിന്റെ എടുകളിലേക്ക്!!
സിന്ധൂര രേഖയിലെ
ചുവപ്പിനെ പിന്തള്ളി
കണ്ണിലെ തിളക്കങ്ങള്‍
മഞ്ഞയായി അടയാളപെടുത്തി
മനസിന്റെ പച്ചയിലേക്ക്
ഓടി കയറും പ്രണയം പോലെ!!

ട്രെയിൻ

ഹാരിസ് എടവന 

രാത്രിയിൽ നിന്നു
പകലിലേക്കൊരു തീവണ്ടി ചൂളം വിളിച്ചു
ഓടാറുണ്ട്

സ്വപ്നങ്ങൾ നിറച്ച ബോഗികളിലേക്കു
ജീവിതത്തിൽ നിന്നു ചിലർ
ചായ വിൽക്കാൻ കയറാറുണ്ട്

നേർ‌രേഖയിൽ ലോകത്തെവരച്ചവർ
സമാന്തരങ്ങളെ
വന്നു ഛേദിക്കാറുണ്ട്

വലിക്കാൻ മറന്ന അപായചങ്ങലകൾ
ചിലതു ഓർമ്മിപ്പിക്കാൻ
തമാശക്കെങ്കിലും
ഒന്നു പാളം തെറ്റിക്കൂടേയെന്നു
ഇടക്കു വന്നു എഞ്ചിൻ ഡ്രൈവറോടു
ചോദിക്കാറുണ്ട്

പകലിൽനിന്നും രാത്രിയിലേക്കും
ഇങ്ങിനെ ഓടുന്നുണ്ടാവും
തീവണ്ടികൾ...........

ഒളിച്ചുകളി

എം.ആര്‍ .അനില്‍കുമാര്‍ 

ഓരോന്നു
സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
പെട്ടെന്ന്
ഒരൊളിച്ചുകളിയാണ്

പിന്നെ,
നീയെവിടെ?
നീയെവിടെ?
എന്നൊരാന്തലാധിയായി..

മുക്കിലും മൂലയിലും
തെരച്ചിലോടു തെരച്ചിലായി
മൂടുപോയ കുട്ടയ്ക്കടിയിലും
ദ്രവിച്ച ഓലമറകൾക്കിടയിലും
പഴയ, വരണ്ടുണങ്ങി മഞ്ഞച്ച
പുല്ലിൻ കെട്ടിനിടയിലും
പുല്ലാനിപ്പടർപ്പിലും,
മഞ്ഞക്കിളി
മാമ്പഴച്ചാറുകൊണ്ടടയാളമിട്ട
മാവിൻ കൊമ്പിലും
മുളകൊണ്ടു കെട്ടിയുണ്ടാക്കിയ
തട്ടുമ്പുറത്തും
തിരച്ചിലോട് തിരച്ചിലാണ് .
കാണാതായി ഞാൻ കരച്ചിലോളമെത്തും

ആങ്ഹാ!
ഇവിടെയുണ്ടായിരുന്നോ നീയെന്ന്
സോഫയിൽ ചാരിക്കിടന്നുകൊണ്ടു്
നീ പെട്ടെന്ന് പ്രത്യക്ഷമാവും

പിന്നെ നമ്മൾ
ഒന്നും സംഭവിക്കാത്ത പോലെ
പഴയപടി സംഭാഷണം തുടരും
നീ , വാങ്ങുവാൻ പോകുന്ന
പുതിയ കാറിനെപറ്റിയും
പെട്രോളിന്റെ വിലക്കയറ്റത്തെപ്പറ്റിയും;
ഞാൻ, കൊച്ചിയിലെ
ഗതാഗതക്കുരുക്കിലൂടെ
റോഡു മുറിച്ചു കടക്കുന്നതിന്റെ
സാഹസത്തെ പറ്റിയും

പണ്ടും
നാമങ്ങനെ
വിശേഷങ്ങൾ പറഞ്ഞിരുന്നല്ലോ,
ഒളിച്ചുകളിയ്ക്കു ശേഷം
വീട്ടിലേയ്ക്കു മടങ്ങുമ്പോൾ
നീ പട്ടാളക്കാരൻ മാമൻ കൊണ്ടുവന്ന
ഹൽവയെപറ്റിയും
ഞാനെന്റെ നനഞ്ഞുപോയ
പുസ്തകത്തിന്റെ ഉള്ളടക്കത്തെപ്പറ്റിയും

ഊഞ്ഞാലിന്റെ മണം


വി .ജയദേവ് 

അപ്പന്‍ ഊഞ്ഞാലാടുമ്പോള്‍ 
ആകാശം അകന്നകന്നു
പോയിക്കൊണ്ടിരിക്കും.
അപ്പാ അപ്പാ ആകാശം
തൊട്ടിങ്ങോട്ട്‌ വാ,
ഒരു കുഞ്ഞാകാശം 
താഴേക്ക്‌ കൊണ്ടുവന്നു താ
എന്നൊക്കെയായിരിക്കും 
ഭൂമി പറയുന്നുണ്ടാകുക.
ആകാശത്തിന് വല്ലാത്തൊരു 
തണുപ്പായിരിക്കും
എന്നൊരു തര്‍ക്കവും കാണും.
ആകാശത്തിന് വല്ലാത്തൊരു
മണമുണ്ടാവും എന്ന് കൊതിക്കും.
അപ്പനെ താഴത്തിറക്കിയപ്പോള്‍ 
അതെ, വല്ലാത്തൊരു
തണുപ്പുണ്ടായിരുന്നു.
മണമെല്ലാം അപ്പന്‍ , പക്ഷെ
കടിച്ചുപിടിച്ചിരിക്കുകയായിരുന്നു.
തര്‍ക്കത്തിനിടെ തോറ്റിട്ടോ എന്തോ
പിന്നാമ്പുറത്ത് ആരോ 
കരഞ്ഞും പിഴിഞ്ഞുമിരുന്നു. 
മണം കിട്ടാത്ത കൊതിച്ചികള്‍
വല്ലവരും ആയിക്കൂടെന്നുമില്ല. 
അതൊന്നും തിരക്കാനിതുവരെ
സമയം കിട്ടീട്ടുമില്ല,
അതില്‍പിന്നെ പല തിരക്കിനിടെ.

ആഴം

ഷാജി അമ്പലത്ത് 




















നമുക്കിടയിലിപ്പോള്‍
പേരിടാത്തൊരു
നിശബ്ദതമതി

നിന്റെ കവിതയില്‍ നിന്ന് 
ആറടി മണ്ണ് 
ഞാനളന്നെടുക്കും
കുഴിമാടത്തിന്
മുകളിലൂടെ 
കാട്ടുമുയലുകള്‍ 
ഓടി നടക്കട്ടെ  

വാക്കിന്റെ 
നെഞ്ചിടിപ്പളക്കാന്‍
കവിതയില്‍ 
നീ വീണ്ടുംവരും

നിന്റെ 
നിശബ്ദതക്ക് 
കനംവെക്കും ,
ഒരു പ്രണയത്തിന്റെ 
ആഴമളന്നുകയറും .

ഒരു വൈകുന്നേരത്ത്

ധന്യാദാസ് 


















ഇന്നലെ വരെ അവന്‍ ജീവിച്ചിരുന്നത് 
ഞാന്‍ അറിഞ്ഞിട്ടേയില്ല.
പരിചയമുള്ളവരാരും 
അവനിലേക്ക് കയ്യെത്തിച്ചതുമില്ല.
എന്നിട്ടും
ആംബുലന്‍സിന്‍റെ ഒച്ച 
അടുത്തുവരാനനുവദിക്കാതെ
അകത്തെ മുറിയിലേക്ക് ഓടിക്കയറിയതെന്തിന്?

ഇതുപോലെയൊരു മുറി അവന്‍റെ വീട്ടിലുമുണ്ടാവില്ലേ.
അവിടെ നിന്ന്
ഇന്നൊരു കടല്‍ പിറവിയെടുത്തിട്ടുണ്ടാവും.
വലിയ ഗേറ്റ് തുറന്ന്
വളവുകളുള്ള റോഡ്‌ കടന്ന്
അവന്റെ കൂട്ടുകാരെയും അപരിചിതരേയും കടന്ന്
പള്ളിയോടു ചേര്‍ന്ന് 
അവനോളം
അതൊഴുകി നിറയുമിനി.

ഓര്‍മ്മദിവസങ്ങളില്‍ ആ കടല്‍ കടന്നാവും
പൂക്കളവനെ ത്തേടിയെത്തുക
കൂട്ടുകാര്‍ ഉറക്കെ വിളിക്കുക.
അങ്ങേക്കരയില്‍ രണ്ടു കൈകള്‍
എപ്പോഴുമവന് നേരെ നീട്ടി നില്‍പ്പുണ്ടാവും.

ദ്രവിച്ച വാതില്‍ കടന്ന്,
വളവുകളുള്ള റോഡിലൂടെ തിരിച്ചുനടന്ന്,
വലിയ ഗേറ്റ് തുറന്ന് 
അവനാക്കൈകള്‍ കൂട്ടിപ്പിടിക്കുമോ?

ഡയറികളിലൊരിടത്തും 
ഞാനവനെ അടയാളപ്പെടുത്തിയിട്ടില്ല. 
ചിലപ്പോള്‍
ഏതെങ്കിലും നട്ടുച്ചയ്ക്ക്
ഞങ്ങള്‍ അഭിമുഖം നടന്നടുത്തിരിക്കും.
വെയില് നനഞ്ഞ് പോവുന്നതിനിടയില്‍ 
ബൈക്കിലോ കാറിലോ 
എനിക്ക് മുന്നേ അവനോടിപ്പോയിട്ടുണ്ടാവും. 


അവന്‍ ബാക്കിയാക്കിയ മൗനത്താല്‍  
എനിക്ക് മുറിവേറ്റിരിക്കുന്നു. 
ഇപ്പോള്‍ മാത്രം 
ഞങ്ങള്‍ പരിചയക്കാരാവുന്നു.